സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
Wednesday, January 1, 2025 6:05 PM IST
പത്തനംതിട്ട: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്.
അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.