തിരുവമ്പാടി, പാറമേക്കാവ് വേല; വെടിക്കെട്ടിന് അനുമതി
Wednesday, January 1, 2025 4:47 PM IST
കൊച്ചി: തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്.
കേന്ദ്ര വിജ്ഞാപന പ്രകാരം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിര്‍ദേശം നൽകി.
ജനുവരി മൂന്നിനാണ് പാറമേക്കാവിന്റെയും അഞ്ചിനാണ് തിരുവമ്പാടിയുടെയും വേല. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്.
പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.