തർക്കത്തിനിടെ പതിനാലുകാരൻ കത്തിയെടുത്തു നെഞ്ചിൽ കുത്തി; തൃശൂരിലെ കൊല കഞ്ചാവ് ലഹരിയിൽ
Wednesday, January 1, 2025 1:50 PM IST
തൃശൂർ: പുതുവർഷത്തലേന്നു തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നതിനു പിടിയിലായ പതിനാലുകാരൻ കഞ്ചാവുലഹരിയിലായിരുന്നുവെന്നു പോലീസ്. കൊല്ലാൻ ഉപയോഗിച്ച കത്തി ഈ കൗമാരക്കാരന്റേതാണെന്നും പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനും പോലീസ് കസ്റ്റഡിയിലാണ്. വടക്കേ ബസ് സ്റ്റാൻഡിനു സമീപം പാലിയം റോഡ് ടോപ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ലിവിൻ (29) ആണു മരിച്ചത്.
പ്രതികൾ ഇരുവരും ചേർന്ന് ചൊവ്വാഴ്ച രാത്രി തേക്കിൻകാട് മൈതാനിയിൽ വാട്ടർ ടാങ്കിനുസമീപം കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്പോഴാണ് കൊല്ലപ്പെട്ട ലിവിൻ അതുവഴി വരുന്നതും കുട്ടികളുമായി വാക്കുതർക്കത്തിലാകുന്നതും. ലിവിനും മദ്യലഹരിയിലായിരുന്നു. ഇതിനിടെ കൈയാങ്കളിയിലെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പതിനാലുകാരൻ യുവാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
മൽപ്പിടിത്തത്തിൽ 14കാരന്റെ വലത് ഉള്ളംകൈയിലെ വിരലിൽ പരിക്കേറ്റിരുന്നു. ഗുരുതരപരിക്കിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെ വിരലിനു കന്പിയിട്ടു. നില മെച്ചപ്പെടുന്നതനുസരിച്ച് ഇന്നുതന്നെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കുമെന്നു തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്ത് പറഞ്ഞു.
ടൗണിനു പരിസരത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളാണ് പ്രതികൾ. സ്കൂളിലും ഇവർ സ്ഥിരം ശല്യക്കാരാണ്. സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനു പതിന്നാലുകാരനെ നേരത്തെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
കുട്ടിക്കൊലയാളികളെ പോലീസ് പിടികൂടിയത് അരമണിക്കൂറിനുള്ളിൽ
നഗരം പുതുവർഷാഘോഷത്തിൽ കുളിച്ചുനിൽക്കേ നഗരത്തെ നടുക്കിയ കൊലപാതകത്തിലെ കുട്ടിക്കൊലയാളികളെ പോലീസ് പിടികൂടിയത് കൃത്യം നടന്ന് അരമണിക്കൂറിനുള്ളിൽ.
ടൗണിൽ പലയിടത്തും ആഘോഷങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച പോലീസ് സർവസജ്ജമായിരുന്നു. വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തേക്കു പോലീസ് എത്തി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.
പ്രതികളിലൊരാളുടെ കൈയിൽ കത്തികൊണ്ടു പരിക്കേറ്റതായി ദൃക്സാക്ഷികളിൽനിന്നറിഞ്ഞ പോലീസ് ആശുപത്രികളിൽ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ പ്രതിയായ 14കാരൻ ജനറൽ ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. കൂട്ടുപ്രതിയായ 16കാരനെ മണ്ണുത്തിയിലെ വീട്ടിൽനിന്നാണു പോലീസ് പിടികൂടിയത്.