വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Wednesday, January 1, 2025 12:46 PM IST
കൽപറ്റ: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു.
പുനരധിവാസം സംബന്ധിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് 3.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യംവയ്ക്കുന്നത്.
വീടുകളുടെ നിർമാണത്തിന് സഹായം വാഗ്ദാനം നൽകിയ സ്പോൺസർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഇന്ന് നേരിട്ട് ചർച്ച നടത്തും. കർണാടക സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികളും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്.