കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ; എം.വി.ഗോവിന്ദൻ
Wednesday, January 1, 2025 12:18 PM IST
കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടി നേതാക്കള്‍ അവിടെ പോയതില്‍ എന്താണ് തെറ്റെന്ന് ഗോവിന്ദന് ചോദിച്ചു.
സാമാന്യ മര്യാദയുടെ ഭാഗമായാണ് അവര്‍ പോയത്. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോയെന്നും ഗോവിന്ദന് ചോദിച്ചു.
പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടിയിലും നേതാക്കള്‍ പങ്കെടുക്കാറുണ്ട്. ഇതൊക്കെ അന്വേഷിച്ച് നടക്കാന്‍ മാധ്യമങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണെന്നും ഗോവിന്ദന് ചോദിച്ചു.
ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ പങ്കെടുത്തത്. ടി.പി.വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ഇവർ പങ്കെടുക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു.
2008-ലാണ് നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അഞ്ച് സിപിഎം പ്രവർത്തകർക്ക് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഈ കേസിൽ ജയിലിൽ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് മുതിർന്ന സിപിഎം നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്തത്.