കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം; ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്
Wednesday, January 1, 2025 10:11 AM IST
തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം എൻജിനീറിംഗ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് അറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പോലീസ്.
ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം.
ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും. നിലവിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.