വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവ്
Wednesday, January 1, 2025 1:24 AM IST
തിരുവനന്തപുരം: പ്ലസ് വണ് വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. മണക്കാട് സ്വദേശി മനോജ് (44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2019 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞു കുട്ടിയെ വരുത്തിയാണു പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ എടുക്കുകയും ചെയ്തു. ഇതിനു മുന്പും പല ദിവസങ്ങളിൽ പീഡനശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. സംഭവത്തിനു ശേഷം കുട്ടി ഭയന്നു ട്യൂഷനു പോകാതെയായി. പ്രതിയും കുട്ടിയും തമ്മിൽ ബന്ധമുണ്ടെന്നു കരുതി പ്രതിയുടെ ഭാര്യ കുട്ടിയെ വിളിച്ചുവരുത്തി വഴക്കു പറഞ്ഞു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു.
സംഭവത്തിനു ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിച്ചു. കുട്ടിയുടെ വീട്ടുകാർ ഫോർട്ട് പോലീസിൽ പരാതി കൊടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ ഫോണ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു. സംഭവദിവസം പ്രതി ഓഫീസിൽ ആയിരുന്നു എന്നു വാദിച്ച് രജിസ്റ്ററിൽ ഒപ്പിട്ട രേഖകൾ കോടതിയിൽ ഹാജരാക്കി. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോണ് രേഖകൾ പ്രകാരം പ്രതി സംഭവദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞു.