ഉത്രാവധക്കേസ്; പ്രതിയുടെ അമ്മയ്ക്ക് ജാമ്യം
Tuesday, December 31, 2024 4:44 PM IST
കൊച്ചി: ഉത്രാവധക്കേസ് പ്രതി സൂരജിനു ജാമ്യം ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയ കേസിൽ പ്രതിയുടെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പോലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു.
അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്. ഇത് തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിക്കുകയാണ്.