മണിപ്പുരിനോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേണ്‍ സിംഗ്
Tuesday, December 31, 2024 3:30 PM IST
ഇംഫാൽ: സംഘർഷം അരങ്ങേറിയ മണിപ്പുരിനോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബിരേണ്‍ സിംഗ്. നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം സംസ്ഥാനത്ത് നടന്നത്. അടുത്ത വർഷത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം മേയിലാണ് മണിപ്പുരിൽ പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത്. അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംഘർഷത്തെ തുടർന്നു ഒരുപാട് പേർക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവന്നു. വലിയ അക്രമ സംഭവങ്ങൾ സംസ്ഥാനത്തുണ്ടായി. നിരവധി പേർക്ക് ജീവൻ നഷ്ടമായി. ഈ വിഷയത്തിൽ വലിയ ഖേദമുണ്ട്. താൻ മാപ്പ് ചോദിക്കുന്നുവെന്നും ബിരേണ്‍ സിംഗ് പറഞ്ഞു.
അടുത്ത വർഷം കാര്യങ്ങൾ സാധാരണ നിലയിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുമെന്നും ബിരേണ്‍ സിംഗ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ സിആർപിഎഫ് ജവാന്മാർ അടക്കം നൂറിലധികം പേർ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മെയ്തെയ് വിഭാഗവും കുക്കി വിഭാഗങ്ങളും തമ്മിലാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്.