കേരളത്തിനെതിരായ പരാമർശം; മഹാരാഷ്ട്ര മന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി
Tuesday, December 31, 2024 1:37 PM IST
തിരുവനന്തപുരം : കേരളത്തെ മിനി പാകിസ്ഥാനെന്ന് അവഹേളിച്ച മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മന്ത്രിയുടെ വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്വേഷ പരാമർശം നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. ഭരണഘടനയെ അവഹേളിക്കും വിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.