പുതുവത്സരാഘോഷം: ഡ്രോൺ നിരീക്ഷണവുമായി പോലീസ്
Tuesday, December 31, 2024 12:59 PM IST
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.
ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും.
വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കുന്നതിനു സ്പെഷല്‍ ടീമുകള്‍ രൂപീകരിക്കും. പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈര്യജീവിതവും ഉറപ്പാക്കുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്കുപോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക, അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
അതേസമയം കോവളത്ത് എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇരുന്നൂറോളം പോലീസുകാരെ വിന്യസിപ്പിക്കും. ഇന്നു രാവിലെ മുതലാണു പോലീസിനെ വിന്യസിപ്പിക്കുക. ഉച്ചയോടെ കോവളം ജംഗ്ഷനിൽ വാഹനപരിശോധന കർശനമാക്കും. മദ്യപിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇതിനായിൽ ബീച്ചിൽ പോലീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.
ഇടവിട്ട് സഞ്ചാരികൾക്കു മുന്നറിയിപ്പു നൽകാനും നിർദ്ദേശങ്ങൾ നൽകാനുമായി എല്ലായിടത്തും ഉച്ചഭാഷിണിയും ഉണ്ടാകും. ആഘോഷം അതിരു കടക്കാതിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടെന്ന് കോവളം പോലീസ് അറിയിച്ചു. രാത്രി പന്ത്രണ്ട് മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.