പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ ടിപ്പറിനും കാറിനുമിടയിൽപ്പെട്ടു മരിച്ചു
Tuesday, December 31, 2024 12:48 PM IST
കൊല്ലം: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ ടിപ്പറിനും കാറിനും ഇടയിൽപ്പെട്ട് മരിച്ചു. ശാസ്താംകോട്ട ആഞ്ഞിലി മൂടിനുസമീപം ഇന്നു രാവിലെ ആറിനാണ് വാഹനാപകടം ഉണ്ടായത്. ശാസ്താംകോട്ട രാജഗിരി സ്വദേശിയും താലൂക്ക് ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥനുമായ സ്റ്റീഫനാണ് (70) മരിച്ചത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശാസ്താംകോട്ട ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. ടിപ്പറിനും കാറിനും ഇടയിൽ പെട്ടാണ് ഗൃഹനാഥൻ മരിച്ചത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.