ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവം: ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും
Tuesday, December 31, 2024 12:10 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ച് പോലീസ്. ഇത് സംബന്ധിച്ച് പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണി, മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസ് എന്നിവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായാണ് പോലീസ്, ഫയർ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്ന് തയാറാക്കിയ സംയുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
സ്റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണ്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിലുണ്ട്.
ഡിസംബർ 29നാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ട ശേഷം മകനാണ് ഇക്കാര്യം അറിയിച്ചത്.