ഡിസിസി ട്രഷററുടെ മരണം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ഐ.സി. ബാലകൃഷ്ണൻ
Tuesday, December 31, 2024 11:57 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രേഖകൾക്കും എതിരെ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
നീതിയുക്തമായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണൻ പരാതി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജയനും മകന് ജിജേഷും മരിച്ചു.