ബാങ്കിനു മുന്പിൽ ജീവനൊടുക്കിയ സാബുവിന്റെ പണം തിരികെ നൽകി
Tuesday, December 31, 2024 11:32 AM IST
കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ബാങ്കിന് മുന്പിൽ ജീവനൊടുക്കിയ വ്യാപാരി സാബുവിന്റെ പണം തിരികെ നൽകി. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്.
ഈ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്താണ് സാബു ജീവനൊടുക്കിയത്. സാബു നിക്ഷേപിച്ചിരുന്ന 14,59,940 രൂപയാണ് തിരിച്ചു നൽകിയത്. തിങ്കളാഴ്ചയാണ് പണം നൽകിയത്. ഡിസംബർ 20നാണ് സാബു ജീവനൊടുക്കിയത്.
ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി നിക്ഷേപത്തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ തിരികെ വാങ്ങാൻ സാബു സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാൽ, പണം ലഭിച്ചില്ലെന്നും സെക്രട്ടറിയും ജീവനക്കാരും ഇദ്ദേഹത്തെ അപമാനിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.