യു.പ്രതിഭയുടെ മകനെതിരായ കേസിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം
Tuesday, December 31, 2024 11:21 AM IST
ആലപ്പുഴ: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സർവീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവ് അടക്കമുള്ള സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്.
ഇതിന് പിന്നാലെ എക്സൈസ് കേസെടുത്തിരുന്നു. കേസിൽ ഒന്‍പതാം പ്രതിയാണ് എംഎൽഎയുടെ മകൻ. എന്നാൽ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.