പഞ്ചാബിൽ കർഷക ബന്ദ് പൂർണം: ജനജീവിതം സ്തംഭിച്ചു; റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു
Monday, December 30, 2024 3:10 PM IST
ചണ്ഡിഗഡ്: പഞ്ചാബിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുന്നു. റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസപ്പെട്ടു. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം നാലുവരെ നടത്തുന്ന ബന്ദിൽനിന്ന് അത്യാവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. റെയിൽ ഗതാഗതവും വ്യാപകമായി തടസപ്പെട്ടു. ഡൽഹിയിൽ നിന്നു പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്.
അതേസമയം സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്.