വിമാനം തകർത്തത് റഷ്യ തന്നെയെന്ന് അസർബൈജാൻ പ്രസിഡന്റ്
Sunday, December 29, 2024 7:39 PM IST
ബാക്കു: കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ്. അപകടത്തിൽ 38 പേർ മരിച്ചിരുന്നു.
വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാന അപകടത്തിൽ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും അലിയേവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നില്ല.
വിമാനം കാസ്പിയൻ കടലിനു കുറുകെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായാണ് നിഗമനം.