ദക്ഷിണ കൊറിയൻ വിമാനാപകടം: മരണം 85 ആയി
Sunday, December 29, 2024 10:40 AM IST
സോള്‍: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. തായ്ലൻഡിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് അപകടത്തിൽപെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തിയമരുകയായിരുന്നു.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.
യാത്രക്കാരില്‍ 173 പേര് ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ടുപേര്‍ തായ്ലന്ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
വിമാനത്തിന്റെ ലാന്ഡിംഗിനുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമായിട്ടില്ല. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്.