കൊടുങ്കാറ്റായി ബുംറ; മെൽബണിൽ ഓസീസിന് തകര്‍ച്ച, ആറുവിക്കറ്റ് നഷ്ടം
Sunday, December 29, 2024 10:35 AM IST
മെല്‍ബണ്‍: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മെൽബൺ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 369 റൺസിന് അവസാനിപ്പിച്ച് നാലാംദിനം രണ്ടാമിന്നിംഗ് ആരംഭിച്ച ഓസ്ട്രേലിയ ചായയ്ക്ക് പിരിയുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്.
65 റൺസുമായി മാർനസ് ലബുഷെയ്നും 21 റൺസുമായി നായകൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. സാം കോൺസ്റ്റാസ് (എട്ട്), ഉസ്മാൻ ഖവാജ (21), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒന്ന്), മിച്ചൽ മാർഷ് (പൂജ്യം), അലക്സ് കാരി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
14 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ടെസ്റ്റിൽ 200 വിക്കറ്റെന്ന നാഴികക്കല്ലും ഇന്ത്യൻ പേസർ പിന്നിട്ടു. അതേസമയം, മുഹമ്മദ് സിറാജ് 40 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഒമ്പതിന് 358 എന്ന നിലയിൽ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 369ന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്കോറിനോട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്ത് നിതീഷ് മടങ്ങിയതോടെ ഇന്ത്യൻ യാത്ര അവസാനിച്ചു. നാലു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി നഥാൻ ലയോണ്‍, പാറ്റ് കമ്മിന്‍സ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
105 റൺസിന്റെ ലീഡുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് യുവതാരം സാം കോണ്‍സ്റ്റാസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എട്ടുറണ്‍സെടുത്ത താരത്തെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ, സഹ ഓപ്പണർ ഉസ്മാൻ ഖവാജയെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ ഓസ്ട്രേലിയ രണ്ടിന് 43 റൺസെന്ന നിലയിലായി.
പിന്നാലെ ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും ചേർന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 80 റൺസിൽ നില്‍ക്കെ സ്മിത്തിനെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറില്‍ ബുംറയുടെ തേരോട്ടമാണ് കണ്ടത്. ട്രാവിസ് ഹെഡിനെയും മിച്ചൽ മാർഷിനെയും അതേ ഓവറിൽ ബുംറ പുറത്താക്കി. തന്റെ അടുത്ത ഓവറിൽ അലക്സ് കാരിയേയും ബുംറ ബൗള്‍ഡാക്കിയതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
പിന്നീട് ക്രീസിൽ ഒന്നിച്ച പാറ്റ് കമ്മിൻസും ലബുഷെയ്നും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഓസ്ട്രേലിയയെ നൂറുകടത്തി. ഇതിനിടെ ലബുഷെയ്ൻ തന്റെ അർധസെഞ്ചുറിയും തികച്ചു.