വിമാനദുരന്തം; അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ
Saturday, December 28, 2024 9:21 PM IST
മോസ്കോ: വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പുടിൻ പറഞ്ഞു.
അപകടസമയത്ത് വിമാനത്തിൽ ഉണ്ടായിരുന്ന 67 പേരിൽ 38 പേർ മരിച്ചതായി കസഖ്സ്ഥാൻ അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും ഉൾപ്പെടുന്നു. അസർബൈജാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻസ് ആരോപിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ വിമാനത്താവളത്തിലേക്കുള്ള പത്തു സർവീസുകൾ നിർത്തിവച്ചിരുന്നു.