ശതാഭിഷേക നിറവിൽ എ.കെ. ആന്റണി; ആഘോഷങ്ങളില്ല
Saturday, December 28, 2024 8:05 PM IST
തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയ രാഷ്ട്രീയത്തിലെ അതികായൻ ജഗതിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
84-ാം ജന്മദിനമായ ഇന്ന് ആഘോഷങ്ങളൊന്നുമില്ല. പണ്ടും ജന്മദിനാഘോഷ പരിപാടികൾ ഒന്നും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നില്ല. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മൻമോഹൻ സിംഗ് അനുസ്മരണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ലളിതജീവിതവും ആദർശ രാഷ്ട്രീയവും മുഖമുദ്രയാക്കിയ കോണ്ഗ്രസ് നേതാവാണ് ആന്റണി. അറയ്ക്കപറന്പിൽ കുര്യൻ ആന്റണി എന്ന എ.കെ. ആന്റണി 1940 ഡിസംബർ 28-നാണ് ജനിച്ചത്. കെഎസ്യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കേരളത്തിലെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിലായിരുന്നു അദ്ദേഹം പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ റിക്കാർഡ് ആർക്കും ഭേദിക്കാൻ കഴിഞ്ഞിട്ടില്ല. 1977 കാലയളവിൽ തന്റെ 37-ാം വയസിലാണ് ആന്റണി മുഖ്യമന്ത്രിയായത്. രാജ്യസഭാ അംഗമായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ കാരണം തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു.
രണ്ട് വർഷക്കാലമായി ജഗതിയിലെ വീട്ടിൽ ഭാര്യയോടൊപ്പം താമസിക്കുന്ന ആന്റണി കെപിസിസിയിൽ നടക്കുന്ന പാർട്ടി പരിപാടികളിൽ മാത്രമാണ് നിലവിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം വിട്ട് യാത്രകളും കുറവാണ്.