ബാസിതിന്റെ പോരാട്ടം പാഴായി; കളി കൈവിട്ട് കേരളം
Saturday, December 28, 2024 6:05 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തോൽവി. ഡൽഹിക്കെതിരായ മത്സരത്തിൽ 29 റണ്‍സിനാണ് കേരളം തോൽവി വഴങ്ങിയത്. സ്കോർ: ഡൽഹി 258/5, കേരളം 229(42.2).
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള് ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലായിരുന്ന കേരളം.
നാലു വിക്കറ്റ് കൈയിലിരിക്കെ 53 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 31 റൺസ് മാത്രം. എന്നാൽ 42-ാം ഓവറിൽ കേരള ക്യാപ്റ്റൻ സൽമാൻ നിസാറിനെ പുറത്താക്കി പ്രിൻസ് യാദവാണ് ഡൽഹിക്ക് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
രണ്ടു പന്തു മാത്രം നേരിട്ട ഷറഫുദ്ദീനെയും അതേ ഓവറിൽ പ്രിൻസ് യാദവ് പുറത്താക്കിയതോടെ എട്ടിന് 229 റൺസ് എന്ന നിലയിലായി കേരളം. ഇതിനു പിന്നാലെ തൊട്ടടുത്ത ഓവറിൽ കേരളത്തിന്റെ വിജയപ്രതീക്ഷകൾ തകർത്ത് അബ്ദുൽ ബാസിതിനെ ഇഷാന്ത് ശർമ പുറത്താക്കിയതോടെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റൻ ആയുഷ് ബദോനിയുടയെയും(56) അനൂജ് റാവത്തിന്റെയും(58*) അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. സുമിത് മാഥൂര്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
കേരളത്തിനായി ഷറഫുദ്ദീന് രണ്ടും ജലജ് സക്സേന, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും നേടി. ഡൽഹിക്കായി ഇഷാന്ത് ശർമ 7.2 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിൻസ് യാദവ്, ഹൃത്വിക് ഷൊകീൻ, സുമിത് മാത്തുർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ കേരളത്തിന്റെ മധ്യപ്രദേശുമായുള്ള രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ തോല്‍വിയോടെ ഗ്രൂപ്പ് ഇയില്‍ രണ്ട് പോയിന്റ് മാത്രമുള്ള കേരളം അവസാന സ്ഥാനത്താണ്.