എൻ. പ്രശാന്തിന്റെ കത്ത്: ചീഫ് സെക്രട്ടറി സർക്കാരിന്റെ തീരുമാനത്തിനു വിട്ടു
Saturday, December 28, 2024 1:07 PM IST
തിരുവനന്തപുരം: വിവാദ ഫേസ് ബുക്ക് പോസ്റ്റിനെതിരെ അച്ചടക്ക നടപടിക്ക് വിധേയനായ ഐഎഎസ് ഓഫീസർ എൻ. പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് സമർപ്പിച്ച കത്ത് ചീഫ് സെക്രട്ടറി സർക്കാരിന്റെ തീരുമാനത്തിന് വിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കാര്യങ്ങൾ ധരിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
തന്റെ ഭാഗം കേൾക്കാതെയുള്ള സസ്പെൻഷനും നടപടികളും ചോദ്യം ചെയ്തായിരുന്നു പ്രശാന്തിന്റെ കത്ത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് പ്രശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതാണ് അദ്ദേഹത്തിന്റെ സസ്പെൻഷന് ഇടയാക്കിയത്.