ആലപ്പുഴയിലേത് തട്ടിക്കൊണ്ടുപോകലല്ല; വാഹനാപകടം ഉണ്ടായത് ലഹരി ഇടപാടിലെ തർക്കത്തിനിടെ
Saturday, December 28, 2024 11:48 AM IST
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നില്ലെന്ന് പോലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അപകടമുണ്ടായത്. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് അപകടത്തിൽപെട്ട വാഹനത്തിൽനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ ആറ് ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലഹരി വിൽപ്പന നടത്തുന്ന സംഘവുമായി ഇടപാട് നടത്തുന്നതിനിടെ കാറിൽവച്ച് തർക്കമുണ്ടായി. ഇതോടെ കാറിനകത്തിരുന്ന ഷംനാദ് സ്റ്റിയറിംഗ് പിടിച്ച് തിരിച്ചു. ഇതോടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.