പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ അടക്കം 14 പ്രതികള്‍ കുറ്റക്കാർ; ശിക്ഷാവിധി വെള്ളിയാഴ്ച
Saturday, December 28, 2024 11:17 AM IST
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികള്‍ കുറ്റക്കാർ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കേസിൽ വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞു. 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 10 പ്രതികളെ കോടതി വെറുതേ വിട്ടു. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
2019 ഫെബ്രുവരി 17 നായിരുന്നു സംഭവം. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇന്ന് വിധി പറയുന്നത് മുൻനിർത്തി പെരിയയിലും കല്യോട്ടുമടക്കം പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.