മൂക്കിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി
Saturday, December 28, 2024 10:13 AM IST
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ മൂക്കിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്ന(30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. ഇതിന് പിന്നാലെ കണ്ണിന് മങ്ങൽ വന്നിട്ടുണ്ടെന്ന് രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും അറിയിച്ചു.
പിന്നീട് വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടതായി മനസിലായി.
ഉടനെ ചികിത്സ നൽകണമെന്നും നേത്രചികിത്സാ വിദഗ്ധർ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവയ്പ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.