പെരിയ ഇരട്ട കൊലപാതകം; വിധി ഇന്ന്
Saturday, December 28, 2024 2:09 AM IST
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.
2019 ഫെബ്രുവരി 17 നായിരുന്നു സംഭവം. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി ഉള്‍പ്പെടെ 24 പ്രതികളാണ് ഉള്ളത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ആദ്യം അറസ്റ്റിലായ 14 പേരിൽ 11 പേരും സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുമാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. വിധി പറയുന്നത് മുൻനിർത്തി പെരിയയിലും കല്യോട്ടുമടക്കം പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.