സിപിഎമ്മിൽ ചേർന്നവരിൽ റൗഡിയും ക്രിമിനൽ കേസ് പ്രതികളും
Friday, December 27, 2024 11:47 PM IST
പത്തനംതിട്ട: റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ക്രിമിനൽ കേസ് പ്രതികൾക്കും അംഗത്വം നൽകി പത്തനംതിട്ടയിലെ സിപിഎം. സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ൽ അധികം പേരാണ് ഇന്ന് പാർട്ടിയിൽ ചേർന്നത്.
ഇതിലാണ് റൗഡിയും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെടുന്നത്. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണൻ, അരുൺ എന്നിവരുമാണ് പാർട്ടിയിൽ ചേർന്നത്.
പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാലു കേസുകളിലെ പ്രതിയാണ് സിദ്ധിഖ്. വധശ്രമ കേസിൽ ദിവസങ്ങൾക്ക് മുൻപ് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളാണ് അരുൺ.
മാസങ്ങൾക്ക് മുൻപ് കാപ്പാ കേസ് പ്രതി അടക്കം പാർട്ടിയിൽ ചേർന്നത് വലിയ വിവാദമായിരുന്നു.