ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാന്‍ ഹൈക്കോടതി അനുമതി
Friday, December 27, 2024 3:11 PM IST
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ച രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്തും ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തുമാണ് പാപ്പാഞ്ഞിയെ സ്ഥാപിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പോലീസ് നിര്‍ദേശിച്ചിരുന്നു.
ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടിയായിരുന്നു നീക്കം. ഇതിനെതിരെ സംഘാടകർ കോടതിയെ സമീപിക്കുകയായിരുന്നു. പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ മാത്രം ആയിരത്തിലേറെ പോലീസുകാര്‍ വേണമെന്നും ഇതിന് പുറമെ വെളിമൈതാനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാപ്രശ്നം ഉണ്ടാക്കുമെന്നുമാണ് പോലീസ് വാദം.
എന്നാല്‍ പാപ്പാഞ്ഞിയെ നീക്കം ചെയ്യാനുള്ള നോട്ടീസ് നല്കാന് പോലീസിന് കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എല്ലാ വകുപ്പുകളില്‍ നിന്നും ആവശ്യമായ സുരക്ഷാ അനുമതികള്‍ ലഭിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു.