പ്രതീക്ഷയേകി ജയ്സ്വാളും കോഹ്ലിയും, പിന്നാലെ തകർന്നടിഞ്ഞ് ഇന്ത്യ; അഞ്ചുവിക്കറ്റ് നഷ്ടം
Friday, December 27, 2024 1:19 PM IST
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യയ്ക്ക് തകർച്ച. രണ്ടാംദിനം കളിനിർത്തുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ. ആറു റൺസുമായി ഋഷഭ് പന്തും നാലു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
യശസ്വി ജയ്സ്വാൾ (82), രോഹിത് ശർമ (മൂന്ന്), കെ.എൽ. രാഹുൽ (24), വിരാട് കോഹ്ലി (36), ആകാശ്ദീപ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു ഘട്ടത്തിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആറു റൺസെടുക്കുന്നതിനിടെയാണ് തുടർന്നുള്ള മൂന്നുവിക്കറ്റുകൾ നഷ്ടമായത്.
ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 474 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് എട്ടുറൺസെടുക്കുന്നതിനിടെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്.
പിന്നാലെ ക്രീസിലെത്തിയ കെ.എൽ. രാഹുലിനെയും കമ്മിൻസ് പുറത്താക്കിയതോടെ രണ്ടിന് 51 റൺസെന്ന നിലയിലായി ഇന്ത്യ. പിന്നീട് ക്രീസിൽ ഒന്നിച്ച ജയ്സ്വാളും കോഹ്ലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് തോളിലേറ്റുന്നതാണ് കണ്ടത്. ഇരുവരും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ 150 കടത്തി. ഇതിനിടെ ജയ്സ്വാൾ അർധസെഞ്ചുറിയും പിന്നിട്ടു.
എന്നാൽ, സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്സ്വാൾ അവിശ്വസനീയമായി പുറത്തായതോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ കോഹ്ലിയുമായി ആശയക്കുഴപ്പമുണ്ടായതിനെ തുടർന്ന് ജയ്സ്വാൾ റണ്ണൗട്ടാകുകയായിരുന്നു.
ഒരു സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. തൊട്ടുപിന്നാലെ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ അലക്സ് കാരിക്ക് പിടികൊടുത്ത് കോഹ്ലിയും മടങ്ങി. തുടർന്ന് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപും ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് 57 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് 24 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
നേരത്തെ, സ്റ്റീവ് സ്മിത്തിന്റെ (140) തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് ആതിഥേയർ കൂറ്റൻ സ്കോറിലെത്തിയത്. സ്മിത്തിനു പുറമെ നായകൻ പാറ്റ് കമ്മിൻസിന്റെ (49) ഇന്നിംഗ്സും രണ്ടാംദിനം മികച്ച ടോട്ടലിലെത്താൻ സഹായിച്ചു. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ നാലുവിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആകാശ്ദീപ് രണ്ടുവിക്കറ്റും വീഴ്ത്തി.
ആറിന് 311 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് സ്മിത്ത് - കമ്മിന്‍സ് സഖ്യം ശക്തമായ അടിത്തറയിട്ടു. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഓസീസിനെ 400 കടത്തി. എന്നാൽ, സ്കോർ 411 റൺസിൽ നില്‍ക്കെ കമ്മിൻസിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഇതിനിടെ തന്റെ 34-ാം സെഞ്ചുറിയും സ്മിത്ത് പൂർത്തിയാക്കി.
പിന്നാലെയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ (15) ജഡേജ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിൽ ആകാശ്ദീപിന്റെ പന്തിൽ സ്മിത്ത് ദൗർഭാഗ്യകരമായി പുറത്തായി. ക്രീസ് വിട്ട് ഷോട്ടിനു മുതിർന്ന താരത്തിന് പിഴച്ചു. ബാറ്റിനരികില്‍ തട്ടിയ പന്ത് ദേഹത്ത് കൊണ്ട ശേഷം ഉരുണ്ട് സ്റ്റംപിൽ തൊടുകയായിരുന്നു.
പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. തൊട്ടുപിന്നാലെയെത്തിയ നഥാൻ ലയൺ 13 റൺസെടുത്തെങ്കിലും ബുംറയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ആറു റൺസുമായി സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.