ചീഫ് സെക്രട്ടറിയോട് ചോദ്യശരങ്ങളുമായി എൻ. പ്രശാന്ത്
Friday, December 27, 2024 12:09 PM IST
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് പുതിയ തലത്തിലേക്ക്. ചീഫ് സെക്രട്ടറിയോട് ചോദ്യശരങ്ങളുമായി സസ്പെൻഷനിലുള്ള മുൻ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. ചീഫ് സെക്രട്ടറിയോട് രേഖാമൂലം അക്കമിട്ടാണ് അദ്ദേഹം ഓരോ ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത്. ചോദ്യങ്ങൾക്ക് വിശദീകരണവും മറുപടിയും വേണമെന്നാണ് പ്രശാന്തിന്റെ വാദം.
പരാതിക്കാരില്ലാതെ സർക്കാർ സ്വന്തം നിലയിൽ എങ്ങനെയാണ് തനിക്ക് കുറ്റാരോപണ മെമ്മോ നൽകിയത്. തന്നെ സസ്പെൻഡ് ചെയ്യുന്നതിന് മുൻപ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഏത് ഉദ്യോഗസ്ഥനാണ് ശേഖരിച്ചത്. ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നാണ് ശേഖരിച്ചത്. ഇതിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയോ എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം രേഖാമൂലം ചോദിച്ചിരിക്കുന്നത്.
നേരത്തെ പ്രശാന്തിനെതിരെ ചാർജ് മെമ്മോ നൽകിയിരുന്നു. ഇതിന് അദ്ദേഹം മറുപടി നൽകിയിരുന്നില്ല. ചാർജ് മെമ്മോക്കെതിരെയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലക്, ഗോപാലകൃഷ്ണൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർക്കെതിരെയും പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ജയതിലകിനെതിരേ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ജയതിലകിനെതിരെയും ഗോപാലകൃഷ്ണനെതിരെയും സോഷ്യൽ മീഡിയയിലുടെ വിമർശനം ഉന്നയിച്ചു എന്നതിന്റെ പേരിലാണ് പ്രശാന്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.