വയനാട് പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Friday, December 27, 2024 11:52 AM IST
കൊച്ചി: വയനാട് പുനരധിവാസത്തിന് നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളില്‍നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും നല്കിയ ഹര്‍ജികളാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം ശനിയാഴ്ച മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉടമകള്‍ തടസം നില്‍ക്കരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ ഹർജിക്കാർക്ക് നിയമനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി നിലവില്‍ അവധിയാണെങ്കിലും രാവിലെ അപ്രതീക്ഷിതമായി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മോഡൽ ടൗൺഷിപ് നിർമിക്കാനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക സിവില്‍ കേസിലെ തീര്‍പ്പിനു വിധേയമായി കോടതിയില്‍ കെട്ടിവയ്ക്കാന്‍ തയാറാണെന്ന നിലപാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഹര്ജികളിന്മേല് നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. നഷ്ടപരിഹാരമായി നല്‍കേണ്ട തുക സംബന്ധിച്ച് ധാരണയിലെത്താന്‍ കോടതി കക്ഷികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരം അറിയിക്കാനാണ് ഒരാഴ്ച സമയം അനുവദിച്ച് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റിയത്.