സ്മിത്തിന് സെഞ്ചുറി; മെല്‍ബണില്‍ ഓസീസിന് കൂറ്റന്‍ സ്കോർ, ബുംറയ്ക്ക് നാലുവിക്കറ്റ്
Friday, December 27, 2024 8:40 AM IST
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസിനു പുറത്തായി. സ്റ്റീവ് സ്മിത്തിന്റെ (140) തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് ആതിഥേയർ കൂറ്റൻ സ്കോറിലെത്തിയത്.
സ്മിത്തിനു പുറമെ നായകൻ പാറ്റ് കമ്മിൻസിന്റെ (49) ഇന്നിംഗ്സും രണ്ടാംദിനം മികച്ച ടോട്ടലിലെത്താൻ സഹായിച്ചു. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ നാലുവിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആകാശ്ദീപ് രണ്ടുവിക്കറ്റും വീഴ്ത്തി.
ആറിന് 311 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് സ്മിത്ത് - കമ്മിന്‍സ് സഖ്യം ശക്തമായ അടിത്തറയിട്ടു. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഓസീസിനെ 400 കടത്തി. എന്നാൽ, സ്കോർ 411 റൺസിൽ നില്‍ക്കെ കമ്മിൻസിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. ഇതിനിടെ തന്റെ 34-ാം സെഞ്ചുറിയും സ്മിത്ത് പൂർത്തിയാക്കി.
പിന്നാലെയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ (15) ജഡേജ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിൽ ആകാശ്ദീപിന്റെ പന്തിൽ സ്മിത്ത് ദൗർഭാഗ്യകരമായി പുറത്തായി. ക്രീസ് വിട്ട് ഷോട്ടിനു മുതിർന്ന താരത്തിന് പിഴച്ചു. ബാറ്റിനരികില്‍ തട്ടിയ പന്ത് ദേഹത്ത് കൊണ്ട ശേഷം ഉരുണ്ട് സ്റ്റംപിൽ തൊടുകയായിരുന്നു.
പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. തൊട്ടുപിന്നാലെയെത്തിയ നഥാൻ ലയൺ 13 റൺസെടുത്തെങ്കിലും ബുംറയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ആറു റൺസുമായി സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.