യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
Friday, December 27, 2024 7:53 AM IST
നെടുമങ്ങാട്: യുവാവിനെ മരക്കഷ്ണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. നെടുമങ്ങാട് മുക്കോലയ്ക്കൽ വെള്ളനാട് ബ്ലോക്ക് ഓഫീസിന് സമീപം നൗഫി നിവാസിൽ നഹിൻഷായെ (28)യെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
16ന് രാത്രി 9.30യോടെ ചാങ്ങയ്ക്ക് സമീപം ചെറുകുളത്ത് സുഹൃത്തുമായി സംസാരിച്ചു നിന്ന ചെറുകുളം സ്വദേശിയായ അരുൺകുമാറുമായി സ്ഥലത്ത് എത്തിയ പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സമീപത്തിരുന്ന തടിക്കഷണം കൊണ്ട് അരുൺകുമാറിന്റെ തലയിലും മുഖത്തും മാരകമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് യുവാവ് വീണതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. എസ്. അജീഷിന്റെ നേതൃത്വത്തിൽ എസ്സിപി ഒ. ജിജു, സിപിഒ മുകേഷ്, ഷജീർ എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളി ഭാഗത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അരുൺകുമാർ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.