സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍
Friday, December 27, 2024 7:28 AM IST
പേരൂര്‍ക്കട: വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍. തിരുമല അരയല്ലൂര്‍ മുതിയൂര്വിള വീട്ടില്‍ മനു എന്നുവിളിക്കുന്ന സി. മനോജ് ശേഖര്‍ (38), പുന്നയ്ക്കാമുകള്‍ കല്ലറമഠം ക്ഷേത്രത്തിന് എതിര്‍വശം ധന്യ വീട്ടില്‍ സിങ്കം ധനേഷ് എന്നുവിളിക്കുന്ന എം. ധനേഷ് (40) എന്നിവരാണ് പിടിയിലായത്.
യുവതിയെ ശല്യം ചെയ്ത കേസിലേ പ്രതിയാണ് ഒന്നാം പ്രതിയായ മനോജ് ശേഖര്‍. യുവതിയുടെ സഹോദരങ്ങൾ ഇതുവിലക്കിയതിനെ തുടർന്ന് ഇവരെയായിരുന്നു പ്രതികൾ ആക്രമിച്ചത്.
ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം തടയുന്നതിനിടെ യുവതിയുടെ വിരൽ അറ്റുപോയിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെത്തുടര്‍ന്ന് പൂജപ്പുര സിഐ പി. ഷാജിമോന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സന്തോഷ്, രാജേന്ദ്രന് നായര്‍,
സിപിഒമാരായ ഉണ്ണികൃഷ്ണന്, മണിലാല്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.