മഴ ചതിച്ചു; കേരളം - മധ്യപ്രദേശ് മത്സരം ഉപേക്ഷിച്ചു
Thursday, December 26, 2024 6:12 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി. മധ്യപ്രദേശിനെതിരായ മത്സരത്തിൽ വിജയ പ്രതീക്ഷയുമായി കേരളം മുന്നേറിയപ്പോൾ കാലാവസ്ഥ വില്ലനായി. കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
സ്കോർ: കേരളം 160/10, മധ്യപ്രദേശ് 99/5. ഹൈദരാബാദ് ജിംഖാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം 160 ന് പുറത്തായിരുന്നു. ഷറഫുദീന്‍ (42) മാത്രമാണ് പിടിച്ചുനിന്നത്.
മറുപടി ബാറ്റിംഗില്‍ മധ്യപ്രദേശ് അഞ്ചിന് 99 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു. ഇരുവരും പോയിന്റ് പങ്കിട്ടു. ബറോഡയ്ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു.
കേരളത്തിനായി ജലജ് സക്സേന രണ്ടും ആദിത്യ സര്‍വാതെയും ഷറഫുദീനും ഓരോ വിക്കറ്റ് വീഴ്ത്തി. മധ്യപ്രദേശിനായി സാഗര്‍ സോളങ്കി അഞ്ചും കാര്‍ത്തികേയ മൂന്നും വിക്കറ്റ് വീഴ്ത്തി.