മെല്‍ബണില്‍ തിരിച്ചടിച്ച് ഇന്ത്യ; ഓസീസിന് ആറുവിക്കറ്റ് നഷ്ടം, ഹെഡ് പൂജ്യത്തിനു പുറത്ത്
Thursday, December 26, 2024 1:24 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാംദിനം കളിനിർത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ് ആതിഥേയർ. 68 റൺസുമായി സ്റ്റീവ് സ്മിത്തും എട്ടുറൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.
മര്‍നസ് ലബുഷെയ്ന് (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന് ഖവാജ (57), അലക്സ് കാരി (19), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ്ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ നാലു ബാറ്റർമാരും അർധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും ചേർന്ന് ഓസീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു.
കൂട്ടത്തിൽ 19കാരനായ കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടകാരി. അരങ്ങേറ്റക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ബുംറയുടെ ഒരു ഓവറിൽ 18 റൺസ് അടിച്ചുകൂട്ടിയ കോൺസ്റ്റാസ് 65 പന്തിൽ ആറു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്തു.
എന്നാല്‍ യുവതാരത്തെ വിക്കറ്റിനു പിന്നിൽ കുടുക്കിയ രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാൽ പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്നെ കൂട്ടുപിടിച്ച് ഉസ്മാൻ ഖവാജ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് രണ്ടാംവിക്കറ്റിൽ 65 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ അർധസെഞ്ചുറി പിന്നിട്ട ഖവാജയെ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് ബുംറ തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചു.
പിന്നാലെ ക്രീസിലെത്തിയ സ്മിത്ത് ലബുഷെയ്നുമായി ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഓസീസ് വൻ സ്കോറിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയുണ്ടായ ഘട്ടത്തിലാണ് വാഷിംഗ്ടൺ സുന്ദർ ഇന്ത്യയുടെ രക്ഷകനായത്. സ്കോർ 237 റൺസിൽ നില്‍ക്കെ ലബുഷെയ്നെ സുന്ദർ കോഹ്ലിയുടെ കൈകളിലെത്തിച്ചു.
പിന്നീട് 62 റൺസിനിടെ ഓസീസിന് വിലപ്പെട്ട മൂന്നുവിക്കറ്റുകളാണ് നഷ്ടമായത്. പരമ്പരയിൽ മിന്നും ഫോമിലുള്ള ട്രാവിസ് ഹെഡ് അക്കൗണ്ട് തുറക്കാനാകുംമുമ്പേ ബുംറയുടെ പന്തിൽ ബൗൾഡായി മടങ്ങി. പിന്നാലെയെത്തിയ മിച്ചല്‍ മാർഷ് നാലു റൺസുമായി ബുംറയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. ബുംറയെ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിനു പിടിനല്കുകയായിരുന്നു.
പിന്നാലെ ക്രീസിൽ ഒന്നിച്ച അലക്സ് കാരിയും സ്റ്റീവ് സ്മിത്തും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 299ൽ നില്‍ക്കെ കാരിയെ പുറത്താക്കി ആകാശ്ദീപ് ആ കൂട്ടുകെട്ട് പൊളിച്ചു.