എം.ടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി
Thursday, December 26, 2024 12:27 PM IST
ന്യൂഡൽഹി: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു എം.ടിയെന്നും അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം.ടിയുടെ കൃതികൾ. അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കൃതർക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണെന്നും മോദി എക്സിൽ കുറിച്ചു.
അതേസമയം, എം.ടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു.
സിനിമാ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു.
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.