"സിതാര'യിലേക്ക് ഒഴുകിയെത്തി സാംസ്കാരിക കേരളം; സംസ്കാരം അഞ്ചിന്, രണ്ടുദിവസം ദുഃഖാചരണം
Thursday, December 26, 2024 11:41 AM IST
കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി. വാസുദേവൻ നായർക്ക് അന്ത്യാദരമേകി കേരളം. ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരുമടക്കം ആയിരങ്ങളാണ് എഴുത്തിന്റെ പെരുന്തച്ചനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ 'സിത്താര'യിലേക്ക് ഒഴുകിയെത്തുന്നത്.
നടന്മാരായ മോഹൻലാൽ, വിനീത്, എം.ടിയുടെ പ്രിയ സംവിധായകൻ ഹരിഹരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അബ്ദുസമദ് സമദാനി എംപി, സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ തുടങ്ങിയവർ രാവിലെ തന്നെ നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം.ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര് ആശുപത്രി പരിസരത്തും എത്തിയിരുന്നു. വൈകുന്നേരം നാലുവരെയാണ് അന്തിമോപചാരം അർപ്പിക്കാനുള്ള സമയം. എം.ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
എം.ടിയോടുള്ള ആദരസൂചകമായി രണ്ടുദിവസത്തേക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗം ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു. കെപിസിസിയും രണ്ടുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.