എംടിയുടെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടം: ഗവർണർ
Wednesday, December 25, 2024 11:57 PM IST
തിരുവനന്തപുരം: മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം.ടി. വാസുദേവൻ നായരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എം.ടി. നൽകിയ സംഭാവന അതുല്യമാണ്. അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ പറഞ്ഞു.
രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ അന്ത്യം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഡിസംബർ 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
എം.ടിയുടെ കോഴിക്കോട്ടെ വീടായ സിത്താരയിൽ മാത്രമായിരിക്കും പൊതുദർശനം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.