എം.ടി. മലയാള ഭാഷയുടെ ഇതിഹാസം; ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
Wednesday, December 25, 2024 11:33 PM IST
തിരുവനന്തപുരം: ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി. രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സാംസ്കാരിക ചരിത്രമാണ്.
ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.
രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ അന്ത്യം.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഡിസംബർ 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
എം.ടിയുടെ കോഴിക്കോട്ടെ വീട്ടിൽ മാത്രമായിരിക്കും പൊതുദർശനം എന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.