നിനവിലെന്നും നിളയും കൂടല്ലൂരും
Wednesday, December 25, 2024 10:31 PM IST
അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽവഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയെയാണെനിക്കിഷ്ടം എന്നു പറഞ്ഞത് എം.ടി. വാസുദേവൻ നായർ.
നന്മയുടെ വിത്ത് ഹൃദയത്തിലില്ലെങ്കിൽ ഒരെഴുത്തുകാരനും ജനിക്കുന്നില്ലെന്നു പറഞ്ഞതും എം.ടി.
നിളയുടെ ഉണർവും മഹാമൗനത്തിന്റെ ഭാരവുമായി ഒതുങ്ങിക്കഴിയുന്ന ഈ കൂടല്ലൂർക്കാരനുമുമ്പിൽ മലയാളം പ്രണാമപുഷ്പങ്ങളർപ്പിക്കുകയാണ്.
നിളയുടെ ഓരവും അവിടത്തെ പുലരിയും അന്തിയുമൊക്കെ എം.ടിക്കു വിട്ടകലാനാവാത്ത നിനവുകളാവുന്നു. "വ്യത്യസ്തങ്ങളായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട് പല പ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്ക് തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം..." -എം.ടി പറയുന്നു.
പക്ഷേ, അതൊരു പരിമിതിയല്ലെന്ന് അനുവാചകർ തിരിച്ചറിയുന്നു. സൂതരും മഗധരും പാടാത്ത ഇതിഹാസഗാഥകൾ എം.ടി. പറഞ്ഞത് ഇതേ 'പരിമിതി'യിൽനിന്നായിരുന്നു. ജീവിതത്തിന്റെ മഹാമൗനത്തിന്റെ ദുരനന്തസമസ്യകൾ, നഷ്ട വസന്തത്തിന്റെ സ്മൃതികൾ, തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ വിങ്ങലുകൾ, നാലുകെട്ടുകൾക്കും തറവാടുകൾക്കുമുള്ളിലുയരുന്ന നെടുവീർപ്പുകൾ.... ഒക്കെ മലയാളത്തെ അറിയിച്ചത് ഇതേ പരിമിതി'യിൽനിന്നു തന്നെ.
പാഠങ്ങൾ പഠിക്കേണ്ട നേരത്തു കണ്ണിൽക്കണ്ടതു കുത്തിവരയ്ക്കുന്നതിനെപ്പറ്റി കൂടല്ലൂർ മാടത്ത് തെക്കേപ്പാട് അമ്മാളു അമ്മയ്ക്കു പരാതിയായിരുന്നു. മകന്റെ കഥകൾ അച്ചടിമഷി പുരളുന്നതുകണ്ടപ്പോൾ അച്ഛൻ നാരായണൻനായർ കലികൊണ്ടു. പക്ഷേ, മാടത്ത് തെക്കേപ്പാട്ട് വാസുവാനോളം വളർന്ന് എം.ടി. വാസുദേവൻ നായരായി.
വയറ്റുപിഴപ്പിനുവേണ്ടി ഈ കൂടല്ലൂർക്കാരൻ ചെയ്യാത്ത ജോലികളില്ല. ട്യൂട്ടോറിയൽ അധ്യാപകൻ, ഗ്രാമസേവകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ... പക്ഷേ, എങ്ങുമുറച്ചില്ല. തന്റെ വഴി ഇതല്ലെന്ന് എം.ടിക്കു തീർച്ചയുണ്ടായിരുന്നു.
പാലക്കാട്ട് ഒരു സർക്കസ് കണ്ട അനുഭവത്തിൽ വാസുദേവൻ നായർ എന്ന കോളജ് വിദ്യാർഥി ഒരു ചെറു കഥയെഴുതി-'വളർത്തുമൃഗങ്ങൾ'. മാതൃഭൂമിയും ഹിന്ദുസ്ഥാൻ ടൈംസും ന്യൂയോർക്ക് ഹെറാൾഡും നടത്തിയ കഥാമത്സരത്തിൽ ആ കഥ ഒന്നാം സമ്മാനം നേടിയത് നാൽപ തുവർഷം മുമ്പ്.
കഥയുടെ ഒരുപാടു വസന്തങ്ങൾ മലയാളം പിന്നിട്ടുകഴിഞ്ഞിട്ടും പോയ വർഷം മികച്ച കഥയായി മലയാളം ചൂണ്ടിക്കാട്ടിയത് എം.ടിയുടെ കഥ കൾ തന്നെ. എം.ടിയുടെ ബാല്യകൗമാരങ്ങൾക്കു നിഴലായിരുന്നു ദാരിദ്ര്യവും അവഗണനയും. അലങ്കോലപ്പെട്ടുപോയ തന്റെ ആദ്യപാഠങ്ങളിലെ അക്ഷരത്തെറ്റുള്ള കൈക്കുറ്റപ്പാടുകളൊക്കെ നിരവധി രചനകളിലൂടെ കഥാകാരൻ ആത്മാവിഷ്കാരത്തിനു വിധേയമാ ക്കുന്നു. രചനയുടെ ധന്യമുഹൂർത്ത ങ്ങളിലൂടെ എം.ടി. തന്റെ അഭിശപ്തമായ കുട്ടിക്കാലത്തെ ചുമടിറക്കു കയാണ്.
ദാരിദ്ര്യത്തോടൊപ്പം കഠിനമായ ആത്മപീഡകളും കുട്ടിക്കാലത്തു തന്നെ എം.ടി. അനുഭവിച്ചിരുന്നുവെ ന്നതിനു 'കർക്കിടകം', 'പിറന്നാളിന്റെ ഓർമ തുടങ്ങിയ കഥകൾ ഉദാഹരണങ്ങൾ. "നാലുകെട്ടി'ലെ അപ്പു, 'കാല'ത്തിലെ സേതു, 'മഞ്ഞി'ലെ വിമല, 'രണ്ടാമൂഴ'ത്തിലെ ഭീമൻ ഒക്കെ 'ആൾക്കൂട്ടത്തിൽ തനിയെ' ജീവിക്കുന്നവരും ഒറ്റപ്പെട്ടവരുമായിട്ടും മലയാളഭാവുകത്വം അവരെ നെഞ്ചേറ്റി ലാളിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരു ഇഴയടുപ്പം നമുക്ക് ആ കഥാപാത്രങ്ങളോടു തോന്നിപ്പോകുന്നു.
കലാലയ ജീവിതകാലത്തുപോലും എം.ടിയുടെ രണ്ടുവരി പ്രേമലേഖനത്തിൽ കോറിയിടാത്ത യുവഹൃദയ ങ്ങളില്ല. വെളുത്തുമെലിഞ്ഞ ഈ കൂടല്ലൂർക്കാരൻ അത്രത്തോളം മലയാളിയുടെ ഹൃദയത്തോട് അടുത്തു പോയി.
പല ബന്ധങ്ങളും അപൂർണതയിൽ നിൽക്കുന്ന അവസ്ഥ, സാഫല്യമടയാത്ത പ്രേമം ഇവ എം.ടിയുടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യക്തമാ ക്കുന്നു. അപ്പുണ്ണിയുടെയും അമ്മിണി യേടത്തിയുടെയും (നാലുകെട്ട്) ഗോവിന്ദൻകുട്ടിയുടെയും രാജമ്മുവിന്റെയും (അസുരവിത്ത്), വിമലയുടെയും സുധീർമിശ്രയുടെയും (മഞ്ഞ്), സേതുവിന്റെയും തങ്കമണി'യുടെയു (കാലം)മൊക്കെ പ്രണയം പൂക്കാത്ത പോകുന്ന പാഴ്മരങ്ങളാണ്.
“എം.ടി. എഴുതുന്നത് കടലാസിലല്ല, മലയാളിയുടെ ഹൃദയത്തിലേക്കാണ് എന്നൊരു ചൊല്ലുതന്നെയുണ്ടല്ലോ. എം.ടിയുടെ നോവലുകളിലെ പല കഥാപാത്രങ്ങളും ഒന്നിന്റെ തുടർച്ചകളാണ്. 'അസുരവിത്തി'ലെ ഗോവിന്ദൻകുട്ടിയുടെ തുടർച്ചതന്നെ 'കാല'ത്തിലെ സേതു. “രണ്ടാ മൂഴ'ത്തിലെ ഭീമനും പുറംചട്ടകളും തൊങ്ങലുകളും നീക്കിയാൽ വള്ളുവനാടൻ തീരത്തെ ഒരു സാധാരണ മനുഷ്യൻതന്നെ.
അക്കിത്തമായിരുന്നു എം.ടിക്കു ബാല്യത്തിൽ പ്രചോദനവും പ്രോത്സാഹനവും. ബഷീർ, തകഴി, പൊറ്റെക്കാട് എന്നിവരുടെ കഥകളാ യിരുന്നു എം.ടിക്കു പ്രിയം. പൊറ്റെ ക്കാടിന്റെ കഥകളോട് രസവും ബഷീറിനോടു സ്നേഹവുമായിരു ന്നെന്നാണ് എം.ടി. പറഞ്ഞിരുന്നത്.
എം.ടിയുടെ ഭാവസാന്ദ്രമായ ഓരോ വരികൾക്കു പിന്നിലും മിടിക്കുന്ന ഒരു ജീവിതം മറഞ്ഞുനിൽപ്പുണ്ട്. കഥയിൽ തെളിയുന്ന ഓരോ കഥാ പാത്രത്തിനു പിന്നിലും ജീവിച്ചിരിക്കുന്ന ഒരു നാട്ടിൻപുറത്തുകാരനുണ്ട്.
സഹോദരിമാരില്ലാത്തതിന്റെ ദുഃഖം കുട്ടിക്കാലത്തു താൻ അനുഭവിച്ചിരു ന്നതിനേപ്പറ്റി എം.ടി. തുറന്നു പറഞ്ഞി ട്ടുണ്ട്. അതുകൊണ്ടുതന്നെ, കിട്ടാതെ പോയ സഹോദരീസ്നേഹം രചനകളിലൂടെ പരിഭവമായും സാഫല്യ മായും പറഞ്ഞും അനുഭവിച്ചും സാക്ഷാത്കാരം തേടുകയായിരുന്നു എം.ടി. 'നിന്റെ ഓർമയ്ക്ക്' എന്ന കഥയിൽ എം.ടി. എഴുതുന്നു.
"പെങ്ങളുണ്ടാവുക നല്ലൊരു കാര്യമാണ്. എന്റെ ക്ലാസിലെ കൂട്ടികൾക്ക് ചേട്ടത്തിമാരും അനിയത്തി മാരുമുണ്ട്. ഗോപിയുടെ പുസ്തകങ്ങളെല്ലാം കലണ്ടർ ഏടുകൾകൊണ്ടു പൊതിഞ്ഞുകൊടുക്കുന്നത് ഭാനുച്ചേ ച്ചിയാണ്". ഈ കഥ എഴുതി തീർന്ന പ്പോൾ ജീവിതത്തിലാദ്യമായി താൻ കരഞ്ഞുപോയെന്ന് എം.ടി. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇടയ്ക്കു സിനിമാരംഗത്തു സജീവമായപ്പോൾ മലയാളസാഹിത്യത്തിന് എം.ടിയെ നഷ്ടപ്പെട്ടോ എന്ന് അനു വാചകർ ശങ്കിച്ചു. എം.ടിയുടെ കാലം കഴിഞ്ഞു' എന്നു പറഞ്ഞവരുമുണ്ട്. പക്ഷേ, വിമർശകരുടെ വായടപ്പിച്ച് ഷെർലക്, വാനപ്രസ്ഥം, ശിരോലിഖിതം തുടങ്ങിയ കഥകളുമായി എം.ടി. ശക്തമായ തിരിച്ചുവരവു നടത്തി.
"അസംതൃപ്തമായ ആത്മാവിനു വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ലാ ത്തിന്റെ അസുലഭനിമിഷങ്ങൾക്കു വേണ്ടി ഞാനെഴുതുന്നു. ആ സ്വാതന്ത്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരി കണക്കിലെ ഒരക്കം മാത്രം" എം.ടി. ഒരിക്കൽ പറഞ്ഞു.
നമുക്കു നന്ദിപറയാം. മലയാളത്തിന്റെ വരപ്രസാദത്തിന്, മഹാപൂണ്യ ത്തിന്. പിന്നിട്ട പാതയിലെവിടെയോ ഒരു വഴിത്തിരിവിൽ, മുന്നിൽ വന്നു നിന്ന അനർഘനിമിഷങ്ങൾക്ക്....