അണ്ണാ സർവകലാശാല വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായ സംഭവം; പ്രതിയായ വഴിയോര കച്ചവടക്കാരൻ പിടിയിൽ
Wednesday, December 25, 2024 8:24 PM IST
ചെന്നൈ: അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ (37) ആണ് പിടിയിലായത്.
വഴിയോരത്ത് ബിരിയാണി വിൽക്കുന്ന ആളാണ് പിടിയിലായ ജ്ഞാനശേഖരൻ. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
അണ്ണാ സർവകലാശാല കാമ്പസിലെ ലാബിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം ഉണ്ടായത്. രണ്ടാം വർഷ മെക്കാനിക്കൽ എന്‍ജിനീയറിംഗ് വിദ്യാർഥിനിയായ കന്യാകുമാരി സ്വദേശിയാണ് ക്രൂരതയ്ക്കിരയായത്.
ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം പള്ളിയില്‍ പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. കാമ്പസിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരിക്കുകയായിരുന്ന ഇരുവരെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് കാമ്പസിൽ പ്രതിഷേധവുമായി വിദ്യാർഥികള്‍ സംഘടിച്ചെത്തി. ക്രമസമാധാന നില തകർന്നെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരേ എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.