ദർശന പുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന; സന്നിധാനം ഭക്തിസാന്ദ്രം
Wednesday, December 25, 2024 7:30 PM IST
ശബരിമല: ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. നടപ്പന്തലിൽ എത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം പ്രതിനിധികൾ ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
തുടർന്ന് കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റും, ദേവസ്വം മന്ത്രിയും സംഘവും ചേർന്ന് തങ്ക അങ്കി സ്വീകരിച്ച് സോപാനത്തിലേക്ക് എത്തിച്ചു. സോപാനത്തിൽവച്ച് പേടകം മേൽശാന്തിയും തന്ത്രിയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് വൈകുന്നേരം 6.40നാണ് ശ്രീകോവിലിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധാന നടന്നത്. ദീപാരാധന കഴിഞ്ഞശേഷം ഭക്തരെ പതിനെട്ടാംപടിയിലൂടെ ദർശനത്തിനായി കടത്തിവിട്ടു.
ഭക്തര്‍ക്കു സുഗമമായ ദര്‍ശനമൊരുക്കാന്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് യൂണിറ്റുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവര്ക്കും ദര്‍ശനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.