ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ: കെ. സുരേന്ദ്രൻ
Wednesday, December 25, 2024 6:05 PM IST
തൃശൂർ: ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടത് സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
ഗോവിന്ദന്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപ്പിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം.
മുസ്ലീം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബിജെപി. മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബിജെപിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.