തിരുവല്ലയിൽ കാരൾ സംഘത്തിനു നേരേ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്ത്രീകൾക്ക് അടക്കം പരിക്ക്
Wednesday, December 25, 2024 6:41 AM IST
പത്തനംതിട്ട: കാരൾ സംഘത്തിനു നേരേ സാമൂഹികവിരുദ്ധരുടെ ആക്രമണം. തിരുവല്ല കുമ്പനാട്ട് പുലർച്ചെ രണ്ടോടെയാണ് സംഭവം.
സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കുമ്പനാട്ട് എക്സോഡസ് പള്ളിയിലെ കാരൾ സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
പത്തിൽ അധികം വരുന്ന സാമൂഹികവിരുദ്ധർ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് കാരൾ സംഘം പറഞ്ഞു. എന്നാൽ വാഹനത്തിനു സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു.
പ്രദേശത്തുതന്നെയുള്ള ആളുകളാണ് പ്രശ്നമുണ്ടാക്കിയതെന്നും പോലീസ് വ്യക്തമാക്കി. പ്രശ്നമുണ്ടാക്കിയവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.