20 ദിവസത്തിന് ശേഷം കുട്ടി കണ്ണുതുറന്നു; പുഷ്പ-2 റിലീസിനിടെ അപകടത്തിൽപ്പെട്ട കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്
Wednesday, December 25, 2024 5:56 AM IST
ഹൈദരാബാദ്: പുഷ്പ-2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. കുട്ടി കണ്ണുകൾ തുറന്നതായി പിതാവ് പറഞ്ഞു.
നിലവിൽ മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയാണ്. അപകടമുണ്ടായി 20 ദിവസത്തിന് ശേഷമാണ് കുട്ടി പ്രതികരിച്ചതായി പിതാവ് അറിയിച്ചത്. നടൻ അല്ലു അർജുനും തെലങ്കാന സർക്കാരും തങ്ങളെ പിന്തുണക്കുന്നുവെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു.
അതേസമയം പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നുവെന്ന് എപ്പോഴാണ് അറിഞ്ഞത് എന്നതുൾപ്പടെ നിരവധി ചോദ്യങ്ങൾക്ക് അല്ലു അർജുൻ മറുപടി നൽകിയില്ലെന്നാണ് സൂചന.
ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11ന് ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്.
സ്റ്റേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ആരാധകരുടെ വലിയ സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. രണ്ടു മണിക്കൂറാണ് അല്ലു അർജുന്റെ ചോദ്യം ചെയ്യൽ നീണ്ടത്.
അല്ലുവിന്റെ സുരക്ഷാ മാനേജർ ആന്റണി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ വടി ഉപയോഗിച്ച് ബൗൺസർ തല്ലുന്ന വിഡിയോ പുറത്തായതിനു പിന്നാലെയാണ് നടപടി.