തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി
Wednesday, December 25, 2024 12:26 AM IST
ന്യൂഡൽഹി:1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷാണ് ഈക്കാര്യം അറിയിച്ചത്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുജനാഭിപ്രായം കൂടാതെ സുപ്രധാന നിയമം ഭേദഗതി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.