പുഷ്പ 2-ലെ ദൃശ്യങ്ങൾ പോലീസിനെ അവഹേളിക്കുന്നതെന്ന് പരാതി; അല്ലു അർജുനെതിരെ പുതിയ കേസ്
Tuesday, December 24, 2024 12:52 PM IST
ഹൈദരാബാദ്: പുഷ്പ 2വിലെ രംഗങ്ങൾ പോലീസിനെയും നിയമപാലകരെയും അവഹേളിക്കുന്നെന്ന പരാതിയിൽ നടന് അല്ലു അർജുനെതിരെ പുതിയ കേസ്. തെലുങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടീൻമാർ മല്ലണ്ണ നൽകിയ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കേസെടുത്തത്.
സിനിമയിലെ ഒരു രംഗം പോലീസുകാരെ അവഹേളിക്കുന്നുവെന്നാണ് കേസ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് കഥാപാത്രം നീന്തൽ കുളത്തിൽ വീഴുമ്പോൾ അല്ലു അർജുന്റെ കഥാപാത്രം അതിലേക്ക് മൂത്രമൊഴിക്കുന്നതാണ് രംഗം. ഈ രംഗം പോലീസ് സേനയേയും നിയമപാലകരെയും അവഹേളിക്കുന്നു എന്നാണ് മല്ലണ്ണ നൽകിയ പരാതിയിൽ പറയുന്നത്.
പോലീസുകാരെ അവഹേളിച്ച് ചിത്രീകരിച്ച സിനിമയുടെ സംവിധായകനായ സുകുമാർ, നായകനായ അല്ലു അർജുൻ, നിർമാതാക്കൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.